തുര്‍ക്കിയേയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കുന്നതിനായി ദുബായിലെ തുർക്കി കോൺസുലേറ്റിന്‍റെ പദ്ധഥി. ശൈത്യകാല വസ്ത്രങ്ങളും , ഭക്ഷണവും , മരുന്നുകളും, ക്ളീനിംഗ് സാമഗ്രികളും ഉൾപ്പെടെ സംഭാവന സ്വീകരിക്കുകയായാണ് ദുബായിലെ തുർക്കി കോൺസുലേറ്റ്.
ദുരന്തം ബാധിച്ചവർക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടാണ് കോണ്‍സുലേറ്റിന്റെ നീക്കം. ടിന്നിലടച്ച ഭക്ഷണങ്ങൾ, ഊഷ്മള വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ, കിടക്ക, ടെന്റുകൾ തുടങ്ങിയ മറ്റ് സാമഗ്രികൾ കൊണ്ടുവരാൻ കോൺസുലേറ്റ് ഇൻസ്റ്റാഗ്രാമിൽ ഒരു അഭ്യർത്ഥന പങ്കിട്ടു. ബുധനാഴ്ച രാത്രി 8 മണി വരെ 801 WH സ്ട്രീറ്റ്, 11B Industrial First Al Quoz-ലെ CSS ഹോംവാർഡ് ബൗണ്ട് വെയർഹൗസിൽ സാധനങ്ങൾ എത്തിക്കാനാകും. ലൊക്കേഷന്‍ മാപ്പും കോണ്‍സുലേറ്റ് പങ്കുവച്ചിട്ടുണ്ട്.
ദാനം ചെയ്യപ്പെടേണ്ട വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാത്തതും ശീതകാല സാഹചര്യങ്ങൾക്ക് അനുയോജ്യവും ലിസ്റ്റിലുള്ളവയിൽ നിന്ന് വ്യത്യസ്തവുമാകരുതെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ആളുകൾക്ക് 058 584 7876 എന്ന കാമ്പെയ്‌ൻ ഹോട്ട് ലൈനുമായി ബന്ധപ്പെടാനുമാകും. കൂടുതല്‍ സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നര്‍ അബുദാബിയിലുള്ള തുർക്കി എംബസിയുമായി 050 869 9389 എന്ന നമ്പറിൽ ബന്ധപ്പെടാനും അഭ്യർത്ഥിക്കുന്നു.
തിങ്കളാഴ്ച തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 8,000ത്തോട് കടന്നുകഴിഞ്ഞു. കാല്‍ ലക്ഷത്തോളം ആളുകൾക്ക് ജീവന്‍ നഷ്ടമാകുമെന്നാണ് നിഗമനം. കഠിനമായ ശൈത്യം തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ആളുകൾക്കാണ് ഗുരുതര പരിക്കേറ്റിട്ടുളളത്. വീടുകൾ തകര്‍ന്നതും നിരലംബരുമായി ലക്ഷക്കണക്കിന് മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിന് ലോകം കൈകോര്‍ക്കുകയാണ്.