തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 8000 കടന്നു.
പൂര്‍ണമായി തകര്‍ന്ന ആറായിരത്തിലേറെ കെട്ടിടങ്ങൾക്കടിയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി ആളുകൾ ജീവനോടെ കെട്ടിടങ്ങൾക്കുളളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. അതേസമയം അതിശൈത്യം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
മരണസംഖ്യ കാല്‍ലക്ഷത്തിലേക്ക് എത്തുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. ദുരന്തത്തിന്‍റെ ആഘാദം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ലോകരാജ്യങ്ങൾ ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കുന്നുണ്ട്.
പുനര്‍ജന്മങ്ങൾ
തകര്‍ന്ന കെട്ടിയത്തിനുള്ളില്‍ നിന്ന് ജീവനോടെ പുറത്തെടുക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ ലോക മനസാക്ഷിയെ പിടിച്ചുടയ്ക്കുന്നതാണ്. തകര്‍ന്ന കെട്ടിടത്തിനുളളിലെ സ്‍ളാബിനടിയില്‍ കുഞ്ഞു സഹോദരനെ സ്വാന്തനിപ്പിച്ചുകിടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അത്തരത്തിലൊന്നാണ്. ഭൂകമ്പത്തില്‍ മരിച്ച യുവതിയുടെ പൊക്കിള്‍ക്കൊടികൊണ്ട് ബന്ധിച്ചിരിക്കുന്ന നവജാത ശിശുവിനെ ജീവനോടെ പുറത്തെടുത്ത അസാധാരണമായ അതിജീവന കഥകളും പുറത്തുവരുന്നുണ്ട്.
ജീവശ്വാസം തേടി കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുളള ദൗത്യം ഏറെ ശ്രമകരമായി നീങ്ങുകയാണ്. സിറിയയില്‍ ഭൂചലനത്തില്‍ ജയില്‍ ഭിത്തികള്‍ വിണ്ടുകീറിയതിനെ ഇതിനിടെ ജയില്‍ തടവിലായിരുന്ന 20 ഐഎസ് ഭീകരര്‍ ജയില്‍ചാടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയാണ് തുര്‍ക്കിയേയും സിറിയയേറും വിറങ്ങലിപ്പിച്ച് വന്‍ ഭൂകമ്പമുണ്ടായത്. 7.8 ആണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ തുര്‍ക്കിയുടെ പ്രധാന നഗരങ്ങളായ ഗാസിയാന്‍ടെപ്പിനും കഹ്റാമന്‍മാരസിനും ഇടയിലുള്ള പ്രധാന കെട്ടിടങ്ങളുള്‍പ്പെടെ എല്ലാം നിമിഷങ്ങൾക്കൊണ്ട് മണ്ണടിയുകയായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഭൂകമ്പം നാശം വിതച്ച 10 തെക്കൻ പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കകുയാണ് തുര്‍ക്കി. പ്രസിഡന്റ് തയ്യിപ് എർദോഗനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസ നടപടികളും വേഗത്തിലാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂകമ്പം ബാധിച്ച ആളുകളെ താൽക്കാലികമായി പാർപ്പിക്കാൻ പടിഞ്ഞാറ് ടൂറിസം ഹബ്ബായ അന്റാലിയയിൽ ഹോട്ടലുകൾ തുറക്കാൻ തുർക്കി പദ്ധതിയിട്ടിട്ടുണ്ടെന്നും എർദോഗൻ വ്യക്തമാക്കി