അമുസ്‌ലിംകൾക്ക് അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം ഇന്നു മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ വന്നു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ അടങ്ങിയതാണ് ഈ നിയമം. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണമായ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹ മോചനവും നടത്താമെന്നതാണ് നിയമത്തിൻ്റെ പ്രത്യേകത.
വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങളിൽ തീരുമാനമെടുക്കൽ, വിൽപത്രം, പിൻതുടർച്ചാവകാശം തുടങ്ങിയവയും ഈ പരിധിയിൽ വരും. യുഎഇ സന്ദർശനത്തിനിടെ വിവാഹവും വിവാഹ മോചനവും നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി കോർട്ടിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. അമുസ്‌ലിംകളുടെ വ്യക്തിഗത, കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ സിവിൽ മാര്യേജ് കരാർ പ്രകാരമായിരിക്കും പരസ്പര സമ്മതത്തോടെയുള്ള വിവാഹം നടക്കുക.
ഇതിനായി വധുവിൻ്റെ പിതാവിൻ്റെ അനുവാദം ആവശ്യമില്ല. അതുകൊണ്ടുതന്നെ അബുദാബി കോടതിയിൽ വിവാഹം റജിസ്റ്റർ ചെയ്യാനായി എത്തുന്ന വിദേശികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം അയ്യായിരത്തിലേറെ വിവാഹങ്ങളാണ് നടന്നത്. യുകെ, യുഎസ്, ന്യൂസിലൻഡ്, സ്പെയിൻ, ചൈന, സിംഗപ്പൂർ എന്നീ രാജ്യക്കാരാണ് അബുദാബിയിലെത്തി വിവാഹിതരായവരിൽ അധികവും.
വിൽപത്രം
അമുസ്‌ലിം വിൽപത്രം റജിസ്റ്റർ ചെയ്യൽ, ഒരു പ്രവാസിക്ക് അയാളുടെ മുഴുവൻ സ്വത്തുക്കളും അവർ ആഗ്രഹിക്കുന്നവർക്ക് മരണശേഷം വീതിച്ചു നൽകുന്നതിനുള്ള അവകാശം നൽകുന്നു. വിൽപത്രം എഴുതാതെ മരിച്ചാൽ സ്വത്തിൻ്റെ പകുതി ഇണയ്ക്കും ബാക്കി മക്കൾക്കും വീതിച്ചു നൽകണമെന്നാണ് നിയമം.
കുട്ടികളുടെ സംരക്ഷണം
കുട്ടികളുടെ സംരക്ഷണത്തിനു മാതാപിതാക്കൾക്ക് തുല്യാവകാശമുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനാണ് പ്രധാന്യം. കുട്ടിയെ നോക്കാനായി ജീവിത പങ്കാളികളിൽ ഒരാൾ ജോലി ഇല്ലാതെ നിന്നാൽ സാമ്പത്തിക സഹായം നൽകാൻ പങ്കാളി ബാധ്യസ്ഥനാണ്.
വിവാഹം
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നോൺ-മുസ്‌ലിം ഫാമിലി കോർട്ട് വെബ്‌സൈറ്റിൽ വിവാഹം എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ അപേക്ഷ നൽൽകാം. പൂരിപ്പിച്ച അപേക്ഷാ ഫോറം, പാസ്‌പോർട്ടിൻ്റെ പകർപ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. അപേക്ഷകന് അപ്പോൾ തന്ന ലഭിക്കുന്ന എസ്എംഎസ് ലിങ്കിൽ പ്രവേശിച്ച് 800 ദിർഹം ഫീസ് അടച്ചാൽ വെർച്വലായോ നേരിട്ടോ പങ്കെടുക്കേണ്ട സമയം ഇമെയിലിൽ ലഭിക്കും. അന്നേ ദിവസം എത്തി രേഖകളിൽ ഒപ്പുവയ്ക്കുന്നതോടെ 15 മിനിറ്റിനകം വിവാഹ സർട്ടിഫിക്കറ്റ് നൽകും.
ജീവനാംശം
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ദാമ്പത്യത്തിൻ്റെ കാലദൈർഘ്യം, പ്രായം, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം പരിഗണിച്ച് ജീവനാംശത്തിനുള്ള അവകാശമുണ്ട്.