വിവാഹേതര ലൈംഗീക ബന്ധത്തിൽ സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയിരിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് 2018–ല്‍ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു.
2018ലെ വിധി സായുധ സേനയിലെ നിർബന്ധിത നിയമങ്ങളിലെ വ്യവസ്ഥയുമായി ബന്ധപ്പെട്ടതല്ലെന്നും ക്രിമിനൽ കേസെടുക്കുന്നത് കോർട്ട് മാർഷൽ നടപടികളെ ബാധിക്കില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 33–ാം അനുച്ഛേദപ്രകാരം ചില മൗലികാവകാശങ്ങളില്‍ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മാണം ആകാമെന്ന് കോടതി നിരീക്ഷിച്ചു.