ഫെബ്രുവരിയിലെ റിട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന സമിതി. പെട്രോള്‍ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 27 ഫിൽസ് വരെ കൂടി. ഡീസലിന് 9 ഫിൽസും വര്‍ദ്ധിച്ചു. പുതുവര്‍ഷ സമ്മാനമായി ജനുവരിയില്‍ ഇന്ധനവില കുറച്ചിരുന്നു.
ഫെബ്രുവരിയില്‍ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പെട്രോൾ സ്റ്റേഷനുകളിൽ ഇൗടാക്കുക. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹത്തിൽ നിന്ന് 2.93 ദിർഹമായി കൂടി. ഇ-പ്ലസ് 91 ലിറ്ററിന് 2.86 ദിർഹം വിലവരും. ഡീസൽ ലിറ്ററിന് 3.38 ദിർഹം ഈടാക്കും.
ആഗോള നിരക്കിന് അനുസൃതമായി പ്രാദേശിക നിരക്കുകൾ കൊണ്ടുവരുന്നതിനായി 2015 ഓഗസ്റ്റിൽ രാജ്യം വിലനിയന്ത്രണം ഇന്ധന വില കമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നു. എല്ലാ മാസാവസാനവും അവസാന ദിവസമാണ് പ്രതിമാസ റീട്ടെയിൽ ഇന്ധന നിരക്ക് പ്രഖ്യാപിക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയുടെ പശ്ചാത്തലത്തില്‍ 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിൽ സമിതി ഇന്ധന വില കുറച്ചിരുന്നു. അതേസമയം ആഗോള ശരാശരി ലിറ്ററിന് 4.79 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരി 23 ലെ കണക്കനുസരിച്ച് യുഎഇയിലെ റീട്ടെയിൽ ഇന്ധന വില ലോകത്തിലെ ഏറ്റവും ലാഭകരമായ വിലയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
റഷ്യൻ-ഉക്രെയ്ൻ സംഘർഷത്തിന് ശേഷം കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലും മധ്യത്തിലും യുഎഇയിലും ആഗോളതലത്തിലും എണ്ണവില ഉയർന്ന നിലയിലായിരുന്നു. ജൂലൈയിൽ യുഎഇയിലെ ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു.