ഉത്തരകൊറിയ ആദ്യമായി ഒരു കൊവിഡ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനമാണ് സ്ഥിരീകരിച്ചത്. ഇതോടെ കിം ജോങ് ഉൻ രാജ്യം മുഴുവൻ ലോക്ഡൗണിൽ ആണെന്ന് പ്രഖ്യാപിച്ചു. ഉത്തര കൊറിയയുടെ ശക്തമായ പ്രതിരോധ സംവിധാനങ്ങളെ തകിടം മറിച്ച ആരോഗ്യ അടിയന്തരാവസ്ഥയായി ആദ്യകേസിനെ കണക്കാക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഉത്തര കൊറിയയിൽ മുൻപും കൊവിഡ് ബാധ വ്യാപിച്ചിരുന്നു എന്നാണ് ആരോഗ്യനിരീക്ഷകർ പറയുന്നത്. മറ്റ് രാജ്യങ്ങൾ കോവിഡിന്റെ പിടിയിൽ അമർന്നപ്പോൾ ഉത്തര കൊറിയ നടത്തിയ പ്രതിരോധം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്.
അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത അറിയിച്ചെങ്കിലും ജനങ്ങൾക്ക് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ നിലവിൽ കടുത്ത കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് ജനങ്ങൾ.