യുഎഇയില്‍ മൂന്ന് ദിവസം നീണ്ട മഴ ദിനങ്ങൾക്ക് ശമനം. ശനിയാഴ്ച നേരിയ മഴ അനുഭവപ്പെടുമെന്നും അടുത്ത ആഴ്ച മുഴുവൻ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെളളിയാഴ്ച രാത്രിയിലുണ്ടായ മഴ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായതായും റിപ്പോര്‍ട്ടുകൾ.
ഞായറാഴ്ച മേഘാവൃതമായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും കൂടുതൽ മഴ പ്രവചിച്ചിട്ടില്ല. എന്നാല്‍ ഞായറാഴ്ച രാത്രിയോടെയും തിങ്കളാഴ്ച രാവിലെയോടെയും ഈർപ്പം വർദ്ധിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നും മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അഞ്ച് ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനിൽ അറിയിച്ചു.
വരും ദിവസങ്ങിളിലെ കുറഞ്ഞ താപനില 16 മുതല്‍ 18 ഡിഗ്രിവരെയും ഉയര്‍ന്ന താപനില 26 ഡിഗ്രിവരെയും എത്തുമെന്നും കാലാവസ്ഥാ വിഭാഗം സൂചിപ്പിച്ചു. ആതേസമയം ഡ്രൈവർമാരോട് ജാഗ്രതയോടെ വാഹനമോടിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും വേഗത പരിധി പാലിക്കാനും ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടുകൾ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെള്ളക്കെട്ടുകൾ നീക്കം ചെയ്യാന്‍ അടിയന്തിര ഇടപെടുലുകളും നടത്തുന്നുണ്ട്. ഷാർജയിൽ 185ലധികം ട്രക്കുകൾ വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ വാം പറഞ്ഞു. വെള്ളം കെട്ടിനിൽക്കുകയോ, മരങ്ങൾ കടപുഴകി വീഴുകയൊ ഇതര നാശനഷ്ടങ്ങളോ ഉണ്ടായാൽ 993 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാമെന്ന് എമിറേറ്റ്സ് മുനിസിപ്പാലിറ്റി അറിയിച്ചു.