ആഗോള ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ യുഎഇ തുടർച്ചയായ നാലാം തവണയും ഒന്നാമത്. ആഗോള ഭീകരവാദ സൂചിക (ജിടിഐ) പുറത്തുവിട്ട പട്ടികയിലാണ് യുഎഇയുടേ നേട്ടം. ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും യുഎഇ മുന്‍പന്തിയിലാണെന്ന് സര്‍വ്വെ വിലയിരുത്തുന്നു. ഏറ്റവും സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ എന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിന്‍റെ(ഐഇപി) കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് ഭീകരവാദത്തിനെതിരായ ലോക സൂചിക തയാറാക്കുന്നത്. യുഎൻ, രാജ്യാന്തര സംഘടനകൾ, പ്രത്യേക ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് എന്നിവയും റിപ്പോർട്ടിനെ പിന്തുണയ്ക്കുണ്ട്. ഓരോ രാജ്യവും തീവ്രവാദത്തിനെതിരേ സ്വീകരിക്കുന്ന നയങ്ങൾ നിലപാടുകളും റിപ്പോർട്ട് തയാറാക്കുന്നതില്‍ പ്രധാനമാണ്.
വിവിധ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുടെയും സ്വാധീനമുള്ള ഭൗമരാഷ്ട്രീയ ഘടകങ്ങളും പരിഗണിക്കപ്പെട്ടു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും എതിര്‍ക്കുമെന്ന നിലപാടാണ് യുഎഇ സ്വീകരിച്ചിട്ടുളളതെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. ലോകത്താകമാനം നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതിലും യുഎഇ മുന്നിലാണ്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തീവ്രവാദത്തെ സ്വാധീനിച്ച ആഗോള പ്രവണതകളുടെയും പാറ്റേണുകളുടെയും സമഗ്രമായ സംഗ്രഹമാണ് ആഗോള ഭീകരതാ സൂചിക നൽകുന്നത്..