യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഫെബ്രുവരി 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുമെന്ന് നാസ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിക്കുന്ന സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് അദ്ദേഹം യാത്ര ചെയ്യുക.
നേരത്തെ ക്രൂ-6 മിഷൻ വിക്ഷേപണം ഫെബ്രുവരി 19ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാല്‍ ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ മൂന്ന് ബഹിരാകാശ യാത്രികരെ തിരകെ എത്തിക്കാനുള്ള രക്ഷാദൗത്യം നടത്താൻ റഷ്യയെ അനുവദിക്കുന്നതിനായി വിക്ഷേപണം മാറ്റുകയായിരുന്നു.
ഫാൽക്കൺ 9 റോക്കറ്റും ഡ്രാഗൺ എൻഡവർ ബഹിരാകാശ പേടകവും ഫെബ്രുവരി 26-ന് മുമ്പ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് വിക്ഷേപിക്കുമെന്ന് നാസ പറഞ്ഞു. നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ ആൻഡ്രി ഫെഡ്യേവ് എന്നിവരും ദൗത്യത്തിൽ ഉൾപ്പെടുന്നുണ്ട്.
2019ൽ ഹസ്സ അൽ മൻസൂരി ഭ്രമണപഥത്തിലെ സയൻസ് ലബോറട്ടറിയിൽ എട്ട് ദിവസം ചെലവഴിച്ചതിന് ശേഷം യുഎഇയുടെ രണ്ടാമത്തെ ഐഎസ്എസ് ദൗത്യമാണിത്.