യുഎഇയിക്ക് പിന്നാലെ കുവൈറ്റിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ രണ്ടായിരം പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയെന്ന് സൂചനകൾ. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അല്‍ അദ്വാനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നതെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അധ്യാപന മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരണം നടപ്പാക്കാനാണ് കുവൈറ്റിന്റെ നീക്കം. പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നതിനുള്ള പദ്ധതി ക്രമേണ നടപ്പിലാക്കുകയും പകരം പരമാവധി കുവൈറ്റ് പൗരന്മാരെ നിയമിക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്. എന്നാല്‍ സ്പെഷ്യലൈസേഷന് മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.അധ്യാപക തസ്തികകളില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള യോഗ്യരായ കുവൈറ്റ് ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരെ പിരിച്ചുവിടുക.
ഇസ്ലാമിക് സ്റ്റഡീസ്, അറബിക്, ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, ഹിസ്റ്ററി, ജിയോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ്, ബയോളജി, ജിയോളജി, ആര്‍ട്ട് എഡ്യൂക്കേഷന്‍, ഡെക്കറേഷന്, ഇലക്ട്രിസിറ്റി ആന്‍ഡ് മെക്കാനിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ കുവൈറ്റികളായ വനിതാ അധ്യാപകരെ നിയമിക്കാനാണ് നീക്കം. ഇസ്ലാമിക വിദ്യാഭ്യാസം, ചരിത്രം, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഇലക്ട്രിസിറ്റി, മെക്കാനിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ആറ് പ്രധാന വിഷയങ്ങള്‍ പുരുഷ അധ്യാപകര്‍ക്കായി മാറ്റിവയ്ക്കുമെന്നും വിഭ്യാഭ്യാസ മന്ത്രാലയം സൂചിപ്പിച്ചു.
കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വകുപ്പ് മേധാവികളായി ജോലി ചെയ്യുന്ന ഇരുന്നൂറിലധികം പ്രവാസികളെ അധ്യാപകരായി തരം താഴ്ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൂപ്പര്‍ വൈസറി തസ്തികകളില്‍ സ്വദേശികൾക്ക് അവസരം ഒരുക്കുന്നതിനാണ് തരംതാഴ്ത്തല്‍ നടപ്പിലാക്കുന്നത്. ഇതിന് പിന്നാലെയാണ് അധ്യാപക നിയമത്തിലും സ്വദേശിവത്കരണം ശക്തമാക്കുന്നത്.