യുഎഇയിലെ സ്വകാര്യ സ്കൂളുകളിലും സ്വദേശിവത്കരണം അനിവാര്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വർഷാവസാനത്തോടെ നാല് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അമ്പതില്‍ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം.
വിദഗ്ധ തസ്തികകളിൽ വർഷത്തിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ ഫ്രീസോണുകളില്‍ ഒഴികെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ബാധകമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. വൻതുക ശമ്പളം നൽകി സ്വദേശി അധ്യാപകരെ നിയമിക്കുന്നത് സ്വകാര്യ സ്കൂൾ മേഖലയില്‍ വലിയ വെല്ലുവിളിയാണെന്ന് മാനേജ്മെന്റുകളും പറയുന്നു. നിശ്ചിത യോഗ്യതയുള്ള സ്വദേശി പൗരന്മാരെ കണ്ടെത്തേണ്ടതുണ്ടെന്നും മാനേജ്മെന്റ് സൂചിപ്പിച്ചു. അധ്യാപനത്തില്‍ മതിയായ യോഗ്യതയും തൊഴിൽ പരിചയവുമുള്ള സ്വദേശികളെ ലഭ്യമാകാത്തതിനാല്‍ റിസപ്ഷനിസ്റ്റ്, സെക്രട്ടറി, ഡേറ്റ എൻട്രി തുടങ്ങിയ തസ്തികകളിൽ സ്വദേശികളെ നിയമിച്ച സ്കൂളുകളുമുണ്ട്.
അതേസമയം അറബിക്, ഇസ്ലാമിക്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളില്‍ അധ്യാപനത്തിനായി സ്വദേശി അധ്യാപകര്‍ക്ക് മതിയായ പരിശീലനം നൽകി വരികയാണെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരെ ലഭ്യമല്ലാത്ത അവസരത്തിൽ സ്കൂളിലെ മറ്റു തസ്തികകളിൽ സ്വദേശികളെ നിയമിക്കാനും അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം 28,700 സ്വദേശികൾ സ്വകാര്യമേഖലയിലെ ജോലികളില്‍ പ്രവേശിച്ചെന്നാണ് കണക്കുകൾ. ഇതോടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം അര ലക്ഷത്തിലേറെയായെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.