പ്രവാസികൾക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താനുള്ള സൌകര്യമാണ് ഒരുങ്ങുന്നത്. ഇതോടെ യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്കോങ്ങ്, കാനഡ, ഓസ്ട്രേലിയ, യുഎസ്എ, സിംഗപ്പൂർ എന്നിങ്ങനെ പത്തോളം രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വിദേശ നമ്പറുമായി ലിങ്ക് ചെയ്ത എൻആർഇ-എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ വഴി പണമിടപാട് നടത്താൻ സാധിക്കും.
യുപിഐ ഇടപാടുകൾ അന്താരാഷ്ട്ര തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിൻ്റെ സുപ്രധാനമായ ഈ നീക്കം. വിവിധ ബാങ്കുകളോട് ഏപ്രിൽ 30നകം മാറ്റങ്ങൾ വരുത്താൻ നാഷ്ണൽ പേയ്മെന്റ് കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഫോറിൻ എക്സ്ചേഞ്ച് ആക്ട്, ആർബിഐ ചട്ടം എന്നിവയയനുസരിച്ചാണോ ഇടപാടുകൾ നടത്തുന്നതെന്ന് ബാങ്കുകൾ പരിശോധിച്ച് ഉറപ്പ് വരുത്തും. എന്നാൽ ഒരുദിവസം എത്ര രൂപ വരെ അയക്കാമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.