ദുബായ് എമിറേറ്റിന്റെ 10 വർഷത്തെ സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനുള്ള ഡി-33 പദ്ധതി അവലോകനം ചെയ്യുന്നതിനായി ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി ശൈഖ് ഹംദാന്‍. ഡി 33 പദ്ധതിയും അതിന്റെ ആദ്യ 10 പരിവർത്തന പദ്ധതികളും അവലോകനം ചെയ്തു.
ആദ്യഘട്ട പരിഗണന
ആദ്യ ഘട്ടത്തിൽ ദുബായ് ഗ്രീൻ ആൻഡ് സസ്റ്റൈനബിൾ ഇൻഡസ്ട്രി പ്ലാൻ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനം. ഏറ്റവും പുതിയ വ്യവസായ മാനദണ്ഡങ്ങൾക്കുളള ബെഞ്ച്മാർക്കിംഗും നടപ്പാക്കും. പച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ പിന്തുണയ്ക്കുക, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ കാർബൺ ക്രെഡിറ്റുകൾ ട്രേഡ് ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് സ്വീകരിക്കുക എന്നിവയും പ്രാഥമിക ഘട്ടത്തില്‍ പരിഗണിക്കും.
ലോകത്തിലെ ഏറ്റവും വിജയകരമായ സാമ്പത്തിക മാതൃക സ്ഥാപിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ തയ്യാറാണെന്ന് യോഗത്തിന് ശേഷം ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. അടുത്ത ദശാബ്ദത്തിൽ എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുക, ആഗോള മുന്‍നിര പട്ടണങ്ങളില്‍ മുന്നിലെത്തുക എന്നീ ലക്ഷ്യങ്ങളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഡി-33 പദ്ധതി പ്രഖ്യാപിച്ചത്.
ഡി-33 അജണ്ട
വിദേശ വ്യാപാരം വളർത്തുക, കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുക, ദുബായുടെ സാമ്പത്തിക നില വർധിപ്പിക്കുക, പുതിയ സാമ്പത്തിക മേഖലകളിൽ പങ്കാളികളാകാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഡി 33 അജണ്ടയുടെ പ്രധാന മുൻഗണനകൾ. ലോജിസ്റ്റിക്സ്, ഡിജിറ്റൽ, നിയമ, സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളും അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ മുന്നേറ്റമാണ് പദ്ധതിയുടെ ലക്ഷ്യം.