ഇനി സ്കൂൾ കലോത്സവ വേദികളിലെ ഊട്ടുപുരകളിലേക്കില്ലെന്ന് പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനൻ നമ്പൂതിരി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കലാമേളകളില്‍ രുചിക്കൂട്ടുകൊണ്ട് വിരുന്നൊരുക്കിയ പഴയിടം പടിയിറക്കം പ്രഖ്യാപിച്ചത്. അടുക്കള നിയന്ത്രിക്കാന്‍ ഭയം പിടികൂടിയെന്നും പഴയിടം പറഞ്ഞു.
കൗമാര മേളകളിളെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞത് അസ്വസ്ഥതയുണ്ടാക്കുന്നതായാണ് പഴയിടം മോഹനന്‍റെ പ്രതികരണം. തുടര്‍ച്ചയായ പതിനാറ് സ്കൂൾ കലോത്സവങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ അവസരം ലഭിച്ചയാളാണ് പഴയിടം. ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ തന്‍റെ സാന്നിധ്യത്തിന് പ്രസക്തിയില്ലെന്നും പഴയിടം സൂചിപ്പിച്ചു. 2005ലെ എറണാകുളം സ്കൂൾ കലോത്സവം മുതല്‍ കലോത്സവ ഊട്ടുപുകളിലെത്തിയ രണ്ടരക്കോടി വിദ്യാര്‍ത്ഥികൾക്ക് ഭക്ഷണം വിളിമ്പിയിട്ടുണ്ടെന്നും പഴയിടം പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തില്‍ സസ്യാഹാരം മാത്രം വിളമ്പുന്നത് ഇക്കുറി വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്ത കലോത്സവം മുതല്‍ കലോത്സവ വേദിയില്‍ മാംസാഹാരം വിളമ്പുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയതോടെ ചര്‍ച്ചകൾ ചൂടുപിടിച്ചു. മതവും ജാതിയും ഭക്ഷണത്തില്‍ കലര്‍ന്നതോടെ വിവാദങ്ങളും കോഴിക്കോടന്‍ സ്കൂൾ കലോത്സവത്തെ കരിനിഴലിലാക്കിയിരുന്നു. പിന്നാലെയാണ് പഴയിടം മോഹനന്‍ പടിയിറക്കം പ്രഖ്യാപിച്ചത്.