യുഎഇയിൽ വരും ദിവസങ്ങളില്‍ മഴയും തണുപ്പുണ്ടാകുമെന്ന മുന്നറിയിപ്പില്‍ ജാഗ്രത തുടരുന്നു. 7, 8 തീയതികളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില കുറയും. തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മിതമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 28 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിലും എത്തിച്ചേരാനും സാധ്യതയുണ്ട്. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയേക്കും. പർവതപ്രദേശങ്ങളിൽ തണുപ്പേറും. റാസൽഖൈമയിലെ ജബൽ ജൈസിലാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 7 ഡിഗ്രി സെൽഷ്യസ്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കാലാവസ്ഥ പ്രക്ഷുബ്ധമോ മിതമായതോ ആയിരിക്കും.
അതേസയം മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ ചില സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. കഴിഞ്ഞ വർഷം പ്രളയമുണ്ടായ ഫുജൈറ എമിറേറ്റിലെ സ്കൂളുകളാണിത്. മഴ ശക്തമായാല്‍ കൂടുതൽ സ്കൂളുകൾ ഓണ്‍ലൈന്‍ പഠനത്തിലേക്കെത്തും. ഇതുസംബന്ധിച്ച് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ഫുജൈറയിലെ സ്കൂളുകൾക്ക് സർക്കുലർ അയച്ചു. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.
ഞായറാഴ്ച പകൽ സമയത്ത് ചാറ്റൽമഴയുണ്ടാകുമെങ്കിലും വലിയ മഴ സാദ്ധ്യതയില്ല. കാലാവസ്ഥ വീണ്ടും ചൂടാകുന്നതിനാൽ 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ വരെ അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കും, വൈകുന്നേരം 27 ഡിഗ്രി സെൽഷ്യസിനൊപ്പം അന്തരീക്ഷ ഈർപ്പം കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.