വിചിത്രമായ വിലക്കുകൾ രാജ്യത്ത് ഏർപ്പെടുത്തി ലോക ശ്രദ്ധ നേടുന്ന ഭരണാധികാരിയാണ് കിം ജോങ് ഉൻ. പുതിയ വിലക്ക് ഇറുകിയ ജീൻസ് ധരിക്കുന്നതിനും മുടി കളർ ചെയ്യുന്നതിനുമാണ്. ഉത്തരകൊറിയയിലെ പുതിയ നിയമം ലക്ഷ്യം വെക്കുന്നത് 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് . പാശ്ചാത്യരാജ്യങ്ങളിൽ ട്രെൻഡായ രീതികൾ ഉത്തര കൊറിയയിൽ നിന്ന് പൂർണമായും ഉന്മൂലനം ചെയ്യുക എന്നതാണ് വിലക്കുകളുടെ ലക്ഷ്യം.
നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും ലഭിക്കുമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. നിയമം ലംഘിക്കുന്നവരെ ഓഫീസിലെത്തിക്കും, അവിടെ അവർ ഇതെല്ലാം കുറ്റകൃത്യങ്ങളാണെന്ന് രേഖാമൂലം സമ്മതിക്കണം. അതിനുശേഷം വീട്ടിൽ നിന്ന് കൊണ്ടുകൊടുക്കുന്ന വസ്ത്രങ്ങൾ മാറ്റി ധരിച്ചാൽ പുറത്തുവിടും.
ഉത്തരകൊറിയയിൽ പത്ത് ദിവസം ആരും ചിരിക്കാൻ പാടില്ലെന്ന വിലക്ക് മുൻപ് വന്നിരുന്നു. ഷോപ്പിംഗ്, മദ്യപാനം, വിനോദങ്ങൾ എന്നിവയും പാടില്ലെന്ന് വിലക്കിയിട്ടുണ്ട്. മുൻ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാർഷികം പ്രമാണിച്ചായിരുന്നു ഇത്തരം വിലക്കുകൾ ഏർപ്പെടുത്തിയത്.