ഇതിഹാസ സംഗീതജ്ഞൻ എ ആർ റഹ്മാനിന്ന് 56-ാം പിറന്നാൾ. എക്കാലത്തെയും മികച്ച ഇന്ത്യൻ സംഗീത സംവിധായകരിൽ ഒരാളായി വാഴ്ത്തപ്പെട്ട റഹ്മാൻ 90 കളുടെ തുടക്കത്തിൽ സംഗീത ലോകത്തേക്ക് കടന്നു വന്നു. ‘റോജ’, ‘ബോംബെ’, ‘താൽ’, ‘ലഗാൻ’, ‘സ്വാദേസ്’, ‘രംഗ് ദേ ബസന്തി’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് അവിസ്മരണീയമായ പശ്ചാത്തല സ്കോറുകൾ നൽകിയതോടെ റഹ്മാൻ്റെ ഖ്യാതി ഇന്ത്യ്ക്കും പുറത്തും പരന്നു. ‘വന്ദേമാതരം’ എന്ന ഐതിഹാസിക ഗാനം ആലപിച്ച് ഇന്ത്യൻ ജനതയെ മുഴുവൻ ഞെട്ടിച്ചു.
മലയാളസിനിമയ്ക്കായി എ ആർ റഹ്‌മാൻ എന്ന സംഗീതസംവിധായകൻ്റെ ആദ്യ കയ്യൊപ്പ് പതിഞ്ഞത് ‘യോദ്ധ’യിലൂടെയാണ്. ‘യോദ്ധാ’യിലെ ‘പടകാളി ചണ്ഡി ചങ്കരി’ എന്ന ഗാനം വൻ ഹിറ്റായിരുന്നു.
തമിഴ് സിനിമാപ്രേമികൾ എആർ റഹ്മാനെ ‘ഇസൈ പുയൽ’ എന്നാണ് വിളിക്കുന്നത്. തമിഴിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനമാണ് എ ആർ റഹ്മാന്റെ ഏറ്റവും ജനപ്രിയമായ സൃഷ്ടി. ദേവ് പട്ടേലും ഫ്രീദ പിന്റോയും ആലപിച്ച ഗാനം അദ്ദേഹത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തു. ലോകം മുഴുവൻ കേട്ട ഈ ഗാനം അന്നത്തെ ചാർട്ട്ബസ്റ്ററിൽ ഇടം നേടി. റഹ്മാന് ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ അവാർഡ് എന്നിവ നേടിക്കൊടുത്തത് ‘ജയ് ഹോ’യാണ്.
ഒരു യാത്ര പോകുമ്പോളോ വെറുതെ ഇരിക്കുമ്പോളോ അല്ലെങ്കിൽ വിശ്രമിക്കുമ്പോഴോ എല്ലാ സമയവും കേൾക്കാവുന്ന നിരവധി ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. അടുത്തിടെ ഇറങ്ങിയതിൽ മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവനിലെ ഗാനങ്ങളാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത്.സംഗീത മാന്ത്രികന് പിറന്നാൾ ആശംസകൾ.