ആഭ്യന്തര തീർഥാടകർ ഹജ്ജിന് അപേക്ഷിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.രാജ്യത്തിനകത്തു നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയം വെബ്‌സൈറ്റ് വഴിയും “നുസ്‌ക്” ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
ഹജ്ജ് നിർവഹിക്കുന്നതിനുള്ള റജിസ്ട്രേഷൻ വ്യവസ്ഥകളും നിർദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. മുൻപ് ഹജ്ജ് നിർവഹിക്കാത്തവർക്കാണ് റജിസ്ട്രേഷനിൽ മുൻഗണന. ഹിജ്റ 1444 ദുൽഹിജ്ജയുടെ അവസാനം വരെ ദേശീയ ഐഡന്റിറ്റി അല്ലെങ്കിൽ ഇഖാമ സാധുവായിരിക്കണമെന്നാണ് വ്യവസ്ഥ.
സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകർക്ക് നാലു പാക്കേജുകളാണുള്ളത് . വാറ്റ് ഒഴിവാക്കിയാൽ ഏറ്റവും കുറഞ്ഞ പാക്കേജ് 3,465 റിയാലും ഉയർന്ന പാക്കേജ് 11,435 റിയാലുമാണ്. പാക്കേജ് ഒന്ന്: 10,596 മുതൽ 11,841 വരെ, പാക്കേജ് രണ്ട്: 8,092-8,548, പാക്കേജ് 03: 13,150, പാക്കേജ് 04: വാറ്റ് ഉൾപ്പെടെ 3,984 റിയാൽ. യാത്രാക്കൂലി ഓരോ താമസത്തിനും യാത്രയ്ക്കും വ്യത്യസ്തമായിരിക്കും.
വെബ്സൈറ്റ് അല്ലെങ്കിൽ നുസ്ക് ആപ്പ് വഴി വഴി ഹജ്ജിനായി അപേക്ഷ വെബ്സൈറ്റിൽ ബുക്ക് ചെയ്തു കഴിഞ്ഞാൽ മൊബൈലിലേക്കു സന്ദേശം വരും. അതിനുശേഷം പണം അടച്ച് ഇതു സ്ഥിരീകരിക്കണം. ഇതോടെ അനുമതി പത്രം ലഭിക്കുന്നത് പ്രിന്റൗട്ട് എടുത്തു കൈയിൽ കരുതുക.
ഹജ്ജ് നിർവഹിക്കുന്നതിന് റജിസ്റ്റർ ചെയ്യുന്ന സമയത്ത്, സൗകര്യാർഥം ഒരു പാക്കേജിൽ ഒരേ സമയത്ത് 13 പേരെ വരെ ചേർക്കാം.
തീർഥാടകർക്ക് നല്ല ആരോഗ്യമുണ്ടായിരിക്കണം, സാംക്രമിക രോഗങ്ങളോ മറ്റു വിട്ടുമാറാത്ത രോഗങ്ങളോ ഉണ്ടായിരിക്കരുത്. കൂടാതെ മുൻ റിസർവേഷൻ റദ്ദാക്കി റീബുക്ക് ചെയ്തില്ലെങ്കിൽ ഹജ്ജ് സൗകര്യത്തിലോ മറ്റ് പാക്കേജിലോ റജിസ്റ്റർ ചെയ്യാൻ കഴിയില്ല.
റിസർവേഷൻ റദ്ദാവുന്നത് ഒഴിവാക്കാൻ തിരഞ്ഞെടുത്ത പാക്കേജിന്റെ പേയ്‌മെന്റ് പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ നിർദ്ദിഷ്ട തീർത്ഥാടന കേന്ദ്രത്തിൽ അടച്ചാൽ മതിയാകും. ഒരു ബുക്കിങിന് ഉപയോഗിച്ച മൊബൈൽ നമ്പർ മറ്റൊരു ബുക്കിങിനായി ഉപയോഗിക്കാൻ സാധിക്കില്ല.
ഹജ്ജ് ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മറ്റു നിയന്ത്രണ അധികാരികൾ എന്നിവർ നൽകുന്ന നിർദ്ദേശങ്ങളും നടപടി ക്രമങ്ങളും പാലിക്കുക, തിരഞ്ഞെടുത്ത പാക്കേജുകൾ അനുസരിച്ച് മിനയിൽ നിന്നു പുറപ്പെടുമ്പോൾ തീർഥാടകൻ അബ്ഷിർ പോർട്ടലിലെ സ്വന്തം അക്കൗണ്ടിൽ നിന്നു തീർഥാടന പെർമിറ്റ് പ്രിന്റ് എടുക്കണം, അതിൽ QR കോഡ് വ്യക്തമായി കാണുകയും ഹജ്ജ് സമയത്ത് അത് കൈവശം സൂക്ഷിക്കുകയും വേണമെന്നും മന്ത്രാലയം അറിയിച്ചു.