യുഎഇയിൽ ജോലി സ്ഥലത്ത് സംഭവിക്കുന്ന അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കമ്പനി ഉടമയ്ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
തൊഴിലാളികളുടെ സുരക്ഷയ്ക്കും കമ്പനി ഉടമകളുടെ ഉത്തരവാദിത്തമറിയിച്ചും പുറപ്പെടുവിച്ച പുതിയ മാർഗനിർദേശത്തിൽ അപകടം റിപ്പോർട്ട് ചെയ്യുന്നതിന് ഏകീകൃത നമ്പറും പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയാണ് അപകടം റിപ്പോർട്ട് ചെയ്യേണ്ടത്. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമാകുന്നതാണ് നിയമം.
600 590000ന എന് നമ്പറിൽ വിളിച്ചോ സ്മാർട് ആപ്ലിക്കേഷൻ വഴിയോ ഉപഭോക്തൃ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ അപകടം റിപ്പോർട്ട് ചെയ്യാവുന്നതാണ്.
പരുക്കേറ്റ ജീവനക്കാരൻ്റെ വിശദാംശങ്ങൾ, അപകടത്തിൻ്റെ ഗൌരവം, സ്ഥലം, സമയം, പ്രഥമ ശുശ്രൂഷ നൽകിയ വിവരം, ചികിത്സ, കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ നൽകണം. മെഡിക്കൽ സമിതിയുടെ റിപ്പോർട്ട് 10 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.
50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികളിൽ മിന്നൽ പരിശോധന നടത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിച്ചാണോ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ ആവശ്യപ്പെടും. പരുക്കേറ്റവരുണ്ടെങ്കിൽ വിശദവിവരങ്ങൾ തേടും.
പരുക്കേറ്റ തൊഴിലാളിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ചികിത്സ നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. അപകടത്തെ തുടർന്നുണ്ടായ ശാരീരിക വൈകല്യം കണക്കാക്കി നഷ്ടപരിഹാരം നൽകണം. തൊഴിലാളി മരിച്ചാൽ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.
25% വൈകല്യമുള്ളയാൾക്ക് അടിസ്ഥാന ശമ്പളത്തിന്റെ 25% തുകയെ 24 കൊണ്ട് (കരാർ കാലാവധിയായ 2 വർഷം) ഗുണിച്ച് കിട്ടുന്ന തുകയാണ് നൽകേണ്ടത്. മുൻകാലങ്ങളിൽ അനധികൃത തൊഴിലാളികളെ ജോലിക്കുവച്ചിരുന്ന കമ്പനികൾ ജോലി സ്ഥലങ്ങളിൽ പരുക്കേൽക്കുന്ന തൊഴിലാളികളെ ആരുംകാണാതെ റോഡരുകിലോ മരുഭൂമിയിലോ ഉപേക്ഷിച്ച് മുങ്ങുന്ന പതിവുണ്ടായിരുന്നു. നിയമലംഘനത്തിനു ലഭിച്ചേക്കാവുന്ന പിഴയിൽനിന്നും ചികിത്സാ ചെലവിൽനിന്നും രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. അതുവഴി പോകുന്ന ആരെങ്കിലും വിവരമറിയിച്ചാൽ പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റും. മറ്റു ചിലർ ആശുപത്രിയിലാക്കി മുങ്ങുകയാണ് ചെയ്യുക. ഇങ്ങനെ വർഷങ്ങളോളം ആശുപത്രിയിൽ അജ്ഞാതരായി കഴിയുന്ന നിരവധി പേരുണ്ട്. ഇത്തരം നിയമലംഘനം ആവർത്തിക്കാതിരിക്കാനാണ് നടപടി ശക്തമാക്കുന്നത്.