പുതുവര്‍ഷത്തില്‍ പുതിയ മാനവ വിഭവശേഷി നയം നടപ്പാക്കാനൊരുങ്ങി ഷാര്‍ജ. ഇത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പുതിയ മാനവ വിഭവശേഷി നയത്തിനൊപ്പം 2022ലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.
തൊഴിലില്ലായ്‌മയുടെ തെളിവ്, പെൻഷൻ, അപേക്ഷകരുടെ പ്രായം , തുടങ്ങി വിവിധ വിഷയങ്ങൾ കണക്കിലെടുത്താണ് പുതിയ നയം നടപ്പാക്കുക. മാനവ വിഭവശേഷി വകുപ്പിന്റെ ഡാറ്റാബേസുകളിൽ തൊഴിലന്വേഷകൻ രജിസ്റ്റർ ചെയ്യുന്നതിന് വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. തൊഴില്‍ പരാതികൾ തീര്‍പ്പാക്കുന്നതിലും വ്യവസ്ഥകളുണ്ട്.
2022ൽ 2,249 തൊഴിലന്വേഷകർക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും 2019നോ അതിനുമുമ്പോ ഷാർജയുടെ ഹ്യൂമൻ റിസോഴ്‌സ് ഡാറ്റാബേസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2,417 പേർക്ക് പുതിയ നയം അനുസരിച്ച് 2023ൽ ജോലി നൽകുമെന്നും ഭരണാധികാരി പറഞ്ഞു. ജോലി മാറ്റിസ്ഥാപിക്കൽ, പെൻഷനിലെ സാമ്പത്തിക വ്യത്യാസങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചവർക്ക് നേരത്തെയുള്ള വിരമിക്കൽ, കഴിവില്ലാത്ത ജീവനക്കാരെ മാറ്റിസ്ഥാപിക്കൽ എന്നിങ്ങനെ മൂന്ന് സമീപനങ്ങളിലൂടെയായിരിക്കും പുതിയ വര്‍ഷം ഷാർജ സർക്കാർ ഏജൻസികളിൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതെന്നും ഭരണാധികാരി വ്യക്തമാക്കി.
പരാതികളും, നയങ്ങളും അവലോകനം ചെയ്ത യോഗം ഡേറ്റാ ബേസുകളും വിശദമായി പരിശോധിച്ചു. പുതിയ തീരുമാനങ്ങൾ പൗരന്‍മാര്‍ക്ക് ജോലിയും മാന്യമായ ജീവിതവും പ്രദാനം ചെയ്യുമെന്നും ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സൂചിപ്പിച്ചു. യോഗത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമിയും പങ്കെടുത്തു.