ട്വിറ്ററിൻ്റെ സിഇഒ സ്ഥാനം രാജി വച്ചൊഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്കിൻ്റെ വെളിപ്പെടുത്തൽ.
‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്റ്റ്വെയർ, സർവർ ടീമിൻ്റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകും’- ഇതാണ് ഇലോൺ മസ്കിൻ്റെ ട്വീറ്റ്.
I will resign as CEO as soon as I find someone foolish enough to take the job! After that, I will just run the software & servers teams.
— Elon Musk (@elonmusk) December 21, 2022
കഴിഞ്ഞദിവസം താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതോടെ കമ്പനിക്കായി മറ്റൊരു സിഇഒയെ ഇലോൺ മസ്ക് തിരഞ്ഞുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ രാജി പ്രഖ്യാപനം. ട്വിറ്ററിലെ നൂറിലധികം മുൻ ജീവനക്കാർ മസ്ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയതും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ട്വിറ്ററിൽ തന്നെ നൽകിയിരുന്ന പോളിൽ മസ്കിൻ്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴിൽ അന്തരീക്ഷത്തോടുമുള്ള അതൃപ്തി ഉപയോക്താക്കൾ രേഖപ്പെടുത്തിയിരുന്നു. മസ്ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകൾ അഭിപ്രായം രേഖപ്പെടുത്തി. മസ്ക് ട്വിറ്റർ മേധാവിയായി തുടരണമെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17,5,02391 പേരാണ് പോളിൽ പങ്കെടുത്തത്.