സൗദിയിലെ ജോലി ഒഴിവുകൾ പരസ്യം ചെയ്യുന്നതിനും അഭിമുഖ പരീക്ഷകൾ നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മിനിമം വേദനം, ജോലി സമയം, പ്രായോഗിക പരീക്ഷകൾ , മറ്റു ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചാണ് പുതിയ നിബന്ധന പുറത്തിറക്കിയിരിക്കുന്നത്.
ജോലി ഒഴിവ് എന്നത് സംബന്ധിച്ച് നൽക്കുന്ന പരസ്യത്തിൽ വ്യക്തമായ വിവരങ്ങൾ നൽകണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ജോലിക്കായി അപേക്ഷിക്കുന്നവർ എന്തൊക്കെ വിവരങ്ങൾ ആണ് നൽകേണ്ടതെന്നും എന്തെല്ലാം രേഖകൾ ആണ് കെെവശം കരുതേണ്ടതെന്നും വ്യക്തമായി പരസ്യത്തിൽ ചേർക്കണം. തസ്തികയുടെ പേര്, ചെയ്യേണ്ട ചുമതലകൾ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ജോലിക്ക് വേണ്ട നൈപുണ്യം, പരിചയം എന്നിവയെല്ലാം പരസ്യത്തില്‍ വ്യക്തമാക്കണം.
ജോലിക്കായി അപേക്ഷ ക്ഷണിച്ചിരുന്ന സ്ഥാപനത്തിന്റെ പേര്, ജോലി സ്ഥലം, എന്താണ് ജോലി എന്നിവയും പ്രധാനമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചു. സ്ഥിരം ജോലിയാണൊ, പാർട്ട് ടൈം ജോലിയാണൊ എന്നതും വ്യക്തമാക്കിയിരക്കണം. പ്രായം, ലിംഗഭേദം, വൈവാഹിക നില എന്നിങ്ങനെയുളള വിഭജനങ്ങളുടെ വിവരങ്ങളും പരസ്യത്തില്‍ ഉൾപ്പെടുത്തണം. അപേക്ഷയുടെ കാലാവധി രേഖപ്പെടുത്തേണ്ടതും നിര്‍ണായകമാണ്.
തൊഴില്‍ പരീക്ഷയ്ക്കൊ അഭിമുഖത്തിനൊ എത്തുന്നവര്‍ക്ക് കമ്പനി മതിയായ സൗകര്യങ്ങൾ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാവർക്കും എത്തിചേരാന്‍ സാധിക്കുന്ന സ്ഥലത്ത് ആയിരിക്കണം അഭിമുഖങ്ങൾ സംഘടിപ്പിക്കേണ്ടത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കേണ്ടിവരും. അവധി ദിവസങ്ങളില്‍ അഭിമുഖങ്ങളും പരീക്ഷകളും നടത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
മതം, രാഷ്ട്രീയം, വംശം തുടങ്ങിയ കാര്യങ്ങൾ ചോദിക്കരുതെന്നും മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രഹസ്യ വിവരങ്ങളൊ നേടിയിരുന്ന ശമ്പളമൊ ഇതര ആനുകൂല്യങ്ങളൊ ചോദിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുന്ന ജോലിയുടെ സ്വഭാവം, സമയം, നല്‍കാനുദ്ദേശിക്കുന്ന ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് എല്ലാ വിവരങ്ങളും അഭിമുഖ വേളയിൽ വ്യക്തമായി പറയണമെന്നും അഭിമുഖത്തിനായി എത്തേണ്ട തീയതി 14 ദിവസത്തിനുള്ളിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിച്ചിരിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.