ഷാറൂഖ് ഖാന്‍ ചിത്രം പത്താനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഹിന്ദു സംഘടനകളും ബിജെപിയും. പത്താൻ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രമെന്നും ഇതിൽനിന്നും പിൻമാറണമെന്നുമുള്ള നിലപാടിലുറച്ച് നിൽക്കുകയാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡ്. ഇതിനിടെ കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത സ്മൃതി ഇറാനിയുടെ 1998ലെ വിഡിയോയെ ചൊല്ലിയും വിവാദം തുടരുകയാണ്.
ഷാറൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രമായെത്തുന്ന പത്താനിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ രംഗങ്ങളെ ചൊല്ലിയുള്ള പ്രതിഷേധം തുടരുകയാണ്.
അടിവസ്ത്രം കാണുന്ന തരത്തിൽ ദീപിക ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. വസ്ത്രത്തിൻ്റെ കാവി നിറം ഹിന്ദുക്കളെ അവഹേളിക്കുന്നതാണെന്നും വസ്ത്രധാരണം ഇന്ത്യൻ സംസ്കാരത്തിന് ചേരാത്തതും ആഭാസകരവുമാണ് എന്നതുമാണ് വിശ്വഹിന്ദു പരിഷത്തും കർണി സേനയും അടക്കമുള്ള സംഘടനകൾ വാദിക്കുന്നത്. ഗാനത്തിൽ മാറ്റം വരുത്താതെ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രദർശിപ്പിച്ചാൽ ആ സ്ഥലങ്ങൾ കത്തിക്കുമെന്നുമാണ് മഹാരാഷ്ട്രയിലും മധ്യപദേശിലും ബിജെപിയുടെ പ്രതികരണം.
മുസ്‍ലിംങ്ങള്‍ക്കിടയിലെ പ്രബലവിഭാഗമായ പത്താന്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡ് പ്രതിഷേധിക്കുന്നത്. ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത ട്വിറ്ററിൽ പങ്ക് വച്ച കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിഡിയോയും വാഗ്വാദത്തിന് കാരണമായി. സ്ത്രീത്വത്തെ അപമാനിച്ച റിജു ദത്തക്കെതിരെ നടപടി എടുക്കണമെന്നാണ് ബിജെപി ആവശ്യം.