അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസ കൂടുതല്‍ വ്യപകമാക്കാനുള്ള നീക്കവുമായി ദുബായ് ടൂറിസം വകുപ്പ്. ഒക്ടോബര്‍ മുതല്‍ യുഎഇ നടപ്പിലാക്കിയ വിസ പരിഷ്കാരങ്ങളുടെ തുടര്‍ച്ചയായാണ് നടപടി. നേരത്തേ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ അധികൃതര്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും വലിയ തോതില്‍ വിതരണം ചെയ്തിരുന്നില്ല. എന്നാല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കി കൂടുതല്‍ പേര്‍ക്ക് രാജ്യത്ത് എത്താനുളള അവസരമാണ് ഒരുക്കുന്നത്.
സന്ദര്‍ശക വിസകൾ പുതുക്കാന്‍ രാജ്യത്തിന് പുറത്തേക്ക് പോവണമെന്ന നിയമം കര്‍ശനമാക്കിയതോടെ അഞ്ചു വര്‍ഷത്തെ മൾട്ടിപ്പിൾ എന്‍ട്രി വിസയ്ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരു തവണ വിസ എടുത്താന്‍ എത്ര തവണ വേണമെങ്കിലും ദുബായിലേക്ക് വരാനും പോവാനും സാധിക്കുമെന്നതാണ് മൾട്ടിപ്പിൾ എന്‍ട്രി വിസയുടെ സവിശേഷത.
ദുബായില്‍ താമസക്കാരയവരുടെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും വര്‍ഷത്തില്‍ പല തവണ യുഎഇയിലേക്ക് വന്നുപോകാനുളള അവസരവും ലഭ്യമാകും. വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതും ആവശ്യകത വര്‍ദ്ധിപ്പിക്കുമെന്നാണ് നിഗമനം. ദുബായില്‍ ഇടയ്ക്കിടെ നടക്കുന്ന പ്രദര്‍ശനങ്ങള്‍, സംഗീത വിനോദ പരിപാടികള്‍ തുടങ്ങിയയില്‍ പങ്കെടുക്കുന്നതിനും അഞ്ച് വര്‍ഷ മൾട്ടിപ്പിൾ എന്‍ട്രി വിസ വഴി അവസരമൊരുങ്ങും. അതേസമയം ഒരു വര്‍ഷം180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ അനുവാദം ലഭിക്കില്ല.