ഖത്തർ ലോകകപ്പിലെ സെമിയിൽ നടന്ന മൊറോക്കോ-ഫ്രാന്‍സ് പോരാട്ടം വെറുമൊരു ആവേശസെമി അല്ല, രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമാണ് ആ സുഹൃത്തുക്കൾ. പിഎസ്‌ജിയിലെ സഹതാരങ്ങൾ എന്നതിനപ്പുറം ഇരുവര്‍ക്കുമിടയിലുള്ളത് അതിരുകളില്ലാത്ത സൗഹൃദമാണ്. എല്ലാം തുറന്നു പറയുന്ന കൂട്ടുകാർ ലോകകപ്പിലെ ഓരോ വിജയങ്ങളിലും പരസ്പരം ആശംസിക്കുന്നവരുമാണ്.
ഫുട്ബോൾ ലോകത്തെ അപൂർവമായൊരു സൗഹൃദക്കഥയാണ് കിലിയൻ എംബാപ്പേയും അഷ്റഫ് ഹക്കീമിയും തമ്മിലുള്ളത്. എന്നാല്‍ ഇന്നലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ കണ്ടത് സൗഹൃദപ്പോരായിരുന്നില്ല.
ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്നാണ് എംബാപ്പെ ഹക്കീമിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആ ഹക്കീമിയെ മറികടന്ന് പോകാന്‍ എംബാപ്പെ പലപ്പോഴും ശ്രമിച്ചപ്പോൾ ഹക്കീമി തടഞ്ഞു. ഇടക്കൊരു തവണ എംബാപ്പെയുടെ ഫൗളില്‍ വീണുപോയ ഹക്കീമിയെ പിടിച്ചെഴുന്നേല്‍പ്പിച്ചത് എംബാപ്പെ തന്നെയാണ്. 90 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ ഫ്രാന്‍സ് ഫൈനലിലേക്ക് ജയിച്ചെത്തിയെങ്കിലും അതൊന്നും ഹക്കീമിയുടെയും എംബാപ്പെയുടെയും സൗഹൃദത്തിന് മങ്ങലലേൽപ്പിക്കില്ല.
മത്സരശേഷം ഇരുവരും പരസ്പരം ജേഴ്സി കൈമാറിയെന്ന് മാത്രമല്ല, എംബാപ്പെയുടെ ജേഴ്സി ഹക്കീമിയും ഹക്കീമിയുടെ ജേഴ്സി എംബാപ്പെയും ധരിക്കുകയും ചെയ്തു. ഇരുവരുടെയും പേരുകള്‍ മുമ്പില്‍ വരുന്ന രീതിയില്‍ തന്നെയാണ് ധരിച്ചതും. എക്കാലത്തെയും മികച്ച ജേഴ്സി കൈമാറ്റമെന്നാണ് ആരാധകര്‍ ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.