ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിൽനിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും പുരസ്കാരം സ്വന്തമാക്കിയത്. തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രം ഇന്ത്യയും കടന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ എത്തിയിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ എന്നതിനപ്പുറം സാധാരണ ജനങ്ങൾക്ക് തങ്ങളിൽ പെട്ട ഒരു സൂപ്പർ ഹീറോ എന്ന തോന്നലുണ്ടാക്കാൻ മിന്നൽ മുരളിക്ക് സാധിച്ചു.
ടോവിനോയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് മിന്നൽ മുരളി. സമീർ താഹിർ ഛായാഗ്രഹണവും സംഗീതം ഷാൻ റഹ്മാനും ആയിരുന്നു. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങളുടെ സംവിധാനം വ്ളാഡ് റിംബർഗാണ്. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ്.
സോഫിയ പോൾ നിർമ്മിച്ച ചിത്രത്തിൽ തമിഴ് താരം ഗുരു സോമസുന്ദരവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്. ബിജുക്കുട്ടൻ, ബൈജു, സ്നേഹ ബാബു, ജൂഡ് അന്തണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരായിരുന്നു ചിത്രത്തിൻ്റെ രചന.