നിക്ഷേപകരെ വഞ്ചിച്ച അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിക്ക് 11 വര്‍ഷത്തെ ജയില്‍ ശിക്ഷ. സിലിക്കണ്‍വാലി സ്റ്റാര്‍ട്ട് അപ്പായ തെറാനോസിന്റെ സ്ഥാപകയും സിഇഒയും ആയിരുന്നു എലിസബത്ത് ഹോംസ്. 38ാം വയസിലാണ് എലിസബത്തിന് 11 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ടെക് തട്ടിപ്പാണ് അടുത്ത സ്റ്റീവ് ജോബ്സ് എന്ന് വരെ വിളിക്കപ്പെട്ട എലിസബത്ത് നടത്തിയത്.
രക്ത പരിശോധനാ രംഗത്തെ വിപ്ലവം എന്ന പേരുകേട്ട സ്റ്റാര്‍ട്ട് അപ്പ് പരാജയപ്പെട്ടതോടെയാണ് നിക്ഷേപകരെ പറ്റിച്ച കുറ്റത്തിന് എലിസബത്ത് ഹോംസിന് ശിക്ഷ ലഭിക്കുന്നത്. എഡിസന് മെഷീന് എന്ന പരിശോധനയാണ് എലിസബത്ത് കൊണ്ടുവന്നത്. ഒരു തുള്ളി ചോര പരിശോധിച്ചാൽ കൊളസ്ട്രോള്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള സകല രോഗങ്ങളും കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ സാധിക്കുമെന്നായിരുന്നു എലിസബത്തിന്റെ തെറാനോസ് എന്ന സ്റ്റാര്‍ട്ട് അപ്പിൻ്റെ അവകാശവാദം.
240 പരിശോധനകളാണ് ഇതില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തെറാനോസിൻ്റെ പരിശോധനാഫലങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. 19ാം വയസിലാണ് എലിസബത്ത് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നത്. 2003ല്‍ തുറന്ന സ്ഥാപനം എലിസബത്തിന്റെ കള്ളി പൊളിഞ്ഞതോടെ 2018ല്‍ അടച്ചു പൂട്ടുകയായിരുന്നു. 2015ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ പരിശോധനയാണ് കമ്പനിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.
15 വര്‍ഷത്തെ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതെങ്കിലും എലിസബത്ത് ഗര്‍ഭിണിയാണെന്ന കാരണത്താല്‍ അത് 11 വർഷമാക്കുകയായിരുന്നു. 10 വർഷത്തിന് മുകളിൽ എലിസബത്ത് തട്ടിപ്പ് കമ്പനിയുടെ പേരില്‍ വലുതും ചെറുതുമായ നിക്ഷേപകരെ പറ്റിച്ചുവെന്ന് കോടതി കണ്ടെത്തി. വാള്‍മാര്‍ട്ട് അടക്കമുള്ള നിക്ഷേപകരെയാണ് എലിസബത്ത് വിദഗ്ധമായി കബളിപ്പിച്ചത്. 2023 ഏപ്രില്‍ 27 നുള്ളില്‍ കീഴടങ്ങണമെന്ന് കോടതി എലിസബത്തിനോട് ആവശ്യപ്പെട്ടു.