ആഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ സൗദി ഒട്ടക പാൽ ഒരു ലിറ്ററിന് 18 മുതൽ 20 ഡോളർ വരെയാണ് വില.
പശുവിൻ പാലുമായി താരതമ്യം ചെയ്യുമ്പോൾ നാലിരട്ടി വിലയാണ് ഒട്ടക പാലിന് ലഭിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ആവശ്യക്കാരിൽ ഏറെയും. ആറ് ഫാമുകളാണ് നിലവിൽ ഒട്ടക ഉല്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി മാത്രം രാജ്യത്ത് പ്രവർത്തിക്കുന്നത്.
ഒട്ടക പാലിനൊപ്പം പാൽപൊടിക്കും ആഗോള വിപണിയിൽ നല്ല വിലയുണ്ട്. വരും വർഷങ്ങളിലും ഇത്തരം ഉല്പന്നങ്ങളുടെ ഡിമാന്റ് ആഗോള വിപണിയിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. 18 ലക്ഷത്തിലധികം ഒട്ടകങ്ങൾ നിലവിൽ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്.