ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത് എന്ന പ്രത്യേകത കൂടി മോദിയുടെ സന്ദർശനത്തിനുണ്ട്. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും ഉപയോഗിച്ച് അലങ്കരിച്ചാണ് അദ്ദേഹത്തെ കുവൈത്ത് വരവേൽക്കാനൊരുങ്ങിയിരിക്കുന്നത്.
1981-ൽ ഇന്ദിരാഗാന്ധിയാണ് ഏറ്റവും അവസാനമായി കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. പ്രധാനമന്ത്രിയായ ശേഷം ജിസിസിയിൽ മോദി സന്ദർശിക്കാത്ത ഏക രാജ്യം കുവൈത്തായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെത്തിയ വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യയ കുവൈത്ത് സന്ദർശിക്കാനുള്ള ക്ഷണക്കത്ത് മോദിക്ക് കൈമാറിയിരുന്നു. ക്ഷണം സ്വീകരിച്ച അദ്ദേഹം എത്രയും വേഗം കുവൈത്ത് സന്ദർശിക്കുമെന്നും അറിയിച്ചിരുന്നു.
നാളെ രാവിലെ കുവൈത്തിലെത്തുന്ന മോദി അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ള പ്രമുഖരുമായി മോദി ചർച്ച നടത്തും. ഹവല്ലി ഗവർണറേറ്റിലെ ബൊലിവിയാർഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും തൊഴിലാളി ക്യാംപ് സന്ദർശിക്കുകയും ചെയ്യും. അതോടൊപ്പം കുവൈത്തിലെ വ്യവസായ പ്രമുഖരെയും അദ്ദേഹം കാണുമെന്നാണ് സൂചന.