കുവൈത്ത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ ജാബെർ അൽ സബാഹ് അധികാരമേറ്റിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്നാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് മിഷാൽ കുവൈത്തിന്റെ ഭരണാധികാരിയായത്.
അധികാരമേറ്റത് മുതൽ ജനങ്ങളുടെ ക്ഷേമത്തിനൊപ്പം രാജ്യത്തിന്റെ വളർച്ചയാക്കായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ വളരെ ശ്രദ്ധാലുവാണ് ഷെയ്ഖ് മിഷാൽ. ഭരണാധികാരിയായ ശേഷം പാർലമെൻ്റിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാജ്യത്തിൻ്റെ നവോത്ഥാനത്തിനും വികസനത്തിനും അടിത്തറയിടാനുള്ള മഹത്തായ നിർദ്ദേശങ്ങൾ അമീർ വിശദമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷം അതിനായുള്ള പ്രവർത്തനങ്ങളാണ് അമീറിൻ്റെ നിർദേശത്തെ തുടർന്ന് മന്ത്രിസഭ നടപ്പാക്കിയത്.
സാമ്പത്തികം, രാഷ്ട്രീയം, സുരക്ഷ, സാമൂഹികം തുടങ്ങി സമസ്ത മേഖലകളിലും വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിവരുന്നത്. അതോടൊപ്പം 6 പതിറ്റാണ്ടിലെറെയുള്ള റസിഡൻസി നിയമം, ഗതാഗത നിയമം തുടങ്ങിയവയിൽ സമഗ്രമായ പരിഷ്കരണങ്ങളാണ് അദ്ദേഹം നടപ്പിലാക്കാനൊരുങ്ങുന്നത്.