പ്രശസ്‌ത നാടക, സിനിമ-സീരിയൽ നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്‌തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്‌മശാനത്തിൽ നടക്കും.
നാടകരംഗത്ത് നിന്നാണ് മീന ചലച്ചിത്ര രംഗത്തെത്തിയത്. സൂര്യസോമ, കേരള തിയേറ്റേഴ്സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളിൽ പ്രവർത്തിച്ചു. തുടർന്ന് 200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. 1976-ൽ പുറത്തുവന്ന, പി.എ ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം.
കലാഭവൻ മണി നായകനായ വാസന്തിയും ലക്ഷ്മ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീശമാധവൻ, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്‌ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്.