പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
ഈ സാഹചര്യത്തിൽ പൃഥ്വിരാജിനെ പ്രശംസിച്ചിരിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകനാണെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ശ്രമകരമാണെന്നുമാണ് താരം പറഞ്ഞത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പൃഥ്വിരാജിനെക്കുറിച്ച് സംസാരിച്ചത്.
“അമ്പരിപ്പിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ്. സിനിമ സാങ്കേതികതയെ കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ട്. അഭിനേതാക്കളെ കുറിച്ച് അയാൾക്ക് നല്ല ബോധ്യമുണ്ട്. കഥാപാത്രത്തിന് അനുസരിച്ച് അദ്ദേഹം അഭിനേതാക്കളെ കൊണ്ട് അഭിനയിപ്പിച്ചെടുക്കും. വളരെയധികം അർപ്പണബോധമുള്ള ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ശ്രമകരമാണ്. കഥാപാത്ര പൂർണ്ണതയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോവാൻ തയ്യാറാണ്. ആ സിനിമ മുഴുവൻ അദ്ദേഹത്തിന്റെ മനസിലുണ്ടാവും. അതുകൊണ്ട് തന്നെ കുറവുകൾ വരുത്താൻ അദ്ദേഹം ഒരുക്കമല്ല” എന്നാണ് മോഹൻലാൽ പറഞ്ഞത്.
20ഓളം വിദേശ രാജ്യങ്ങളിൽ വെച്ചാണ് എമ്പുരാൻ ചിത്രീകരിച്ചതെന്നാണ് വിവരം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.