അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നുമാണ് ചിത്ര മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ കുറിച്ചത്.
” ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാൽ അനന്തമായ ലോകത്തേക്ക് പോവുമെന്നും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കാലം മുറിവുണക്കുമെന്നും കേട്ടിട്ടുണ്ട്. പക്ഷേ അതിലൂടെ കടന്നുപോയവർക്കറിയാം അത് സത്യമല്ലെന്ന്. ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല, വേദനാജനകവുമാണ്. മിസ് യൂ നന്ദനാ…” എന്നാണ് ചിത്ര കുറിച്ചത്.
ഇതോടെ നിരവധി പേരാണ് ചിത്രയെ ആശ്വസിപ്പിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002-ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും ഒരു പെൺകുഞ്ഞുണ്ടായത്. നന്ദന എന്നാണ് ഇരുവരും മകൾക്ക് പേര് നൽകിയത്. എന്നാൽ, സന്തോഷകരമായ ജീവിതത്തിനിടെ 2011-ൽ ദുബായ് വില്ലയിലെ നീന്തൽകുളത്തിൽ വീണ് 8 വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.