രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.
‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എൻ്റെ അവസാന ദിനമാണ് ഇന്ന്. എൻ്റെ ഉള്ളിലെ ക്രിക്കറ്റ് താരം ഇപ്പോഴും ബാക്കിയുണ്ടെന്ന് എനിക്കറിയാം. അത് ക്ലബ് തലത്തിൽ മാത്രമാക്കി ഒതുക്കാനാണ് എനിക്ക് താൽപര്യം’ എന്നാണ് വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിൻ. 13 വർഷത്തെ കരിയറിൽ 106 ടെസ്റ്റുകളാണ് അശ്വിൻ കളിച്ചത്. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളും 3503 റൺസുമാണ് അശ്വിൻ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ. ഇന്ത്യൻ താരങ്ങളിൽ 132 ടെസ്റ്റുകളിൽ നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെയാണ് അശ്വിന് മുന്നിലുള്ളത്.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇടംകൈയന്മാരെ പുറത്താക്കിയ റെക്കോഡ് അശ്വിനാണ്-268. മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ് അദ്ദേഹം. ടെസ്റ്റിൽ ആറ് സെഞ്ചുറികളും 14 അർധ സെഞ്ചുറികളും ഉൾപ്പെടെ 3503 റൺസാണ് നേടിയത്.
2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് അശ്വിന്റെ ടെസ്റ്റ് അരങ്ങേറ്റം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41 മത്സരങ്ങൾ കളിച്ചപ്പോൾ 195 വിക്കറ്റുകളും നേടി. ഇത് റെക്കോഡാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി 100 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നതും അശ്വിനാണ്. 116 ഏകദിനങ്ങളും 65 ടി20-കളും കളിച്ചു. ഏകദിനത്തിൽ 156 പേരെയും ടി20യിൽ 72 പേരെയും പുറത്താക്കി.