നാളെ ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ദോഹ കോർണിഷിലെ ദേശീയ ദിന പരേഡ് റദ്ദാക്കിയെങ്കിലും നാടെങ്ങും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ദർബ് അൽ സായി, കത്താറ, മിഷെറിബ് ഡൗൺടൗൺ, 974 ബീച്ച്, ലുസൈൽ ബൗളെവാർഡ്, ദോഹ തുറമുഖം, ഏഷ്യൻ ടൗൺ. വിവിധ ഷോപ്പിങ് മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക വേദിയായ ദർബ് അൽ സായിയിൽ ഡിസംബർ 10ന് ആരംഭിച്ച പരിപാടികൾ 21-നാണ് സമാപിക്കുക.
രാജ്യത്തിൻ്റെ ചരിത്രവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന പരമ്പരാഗത നൃത്തങ്ങളും സംഗീതവുമെല്ലാം ആസ്വാദകർക്കായി ദിനസേന ദർബ് അൽ സായിയിൽ നടത്തിവരുന്നുണ്ട്.