പുതുവർഷത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. വിവിധ എമിറേറ്റുകളിൽ ആഘോഷ പരിപാടികളും ഒരുങ്ങുന്നുണ്ട്. ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ടും ലേസർ ഡ്രോൺ ഷോയും നടത്താനുള്ള ഒരുക്കത്തിലാണ് റാസൽഖൈമ.
കരിമരുന്ന് പ്രയോഗങ്ങളും ലേസർ ഡ്രോണുകളും പുതുവത്സര രാവിൽ ആകാശത്ത് വിരിയും. 15 മിനിറ്റ് ദൈർഘ്യമുള്ള ഡിസ്‌പ്ലേയിലൂടെ കൂടുതൽ ലോക റെക്കോർഡുകൾ സ്ഥാപിക്കാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. ക്രിയേറ്റീവ് ലേസർ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്, ആകാശത്ത് ഡ്രോണുകളാൽ രൂപപ്പെടുത്തിയ റാസൽഖൈമയുടെ പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകത്തിൻ്റെ പ്രതീകാത്മക ചിഹ്നങ്ങൾ ഷോയിൽ കാണാൻ സാധിക്കും.
പുതുവത്സര ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മർജൻ ദ്വീപ് മുതൽ അൽ ഹംറ വില്ലേജ് വരെ നീളുന്ന വാട്ടർഫ്രണ്ടിന് എതിർവശത്തായി ഡ്രോൺ ഡിസ്പ്ലേകളും ഒരുക്കും. അതോടൊപ്പം തത്സമയ സംഗീത പ്രകടനങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, ഭക്ഷണ ട്രക്കുകൾ എന്നിവയും ഫെസ്റ്റിവലിന് മാറ്റ് കൂട്ടും.
20,000-ത്തിലധികം വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ആറ് നിയുക്ത സൗജന്യ പാർക്കിംഗ് സോണുകൾ സൈറ്റിൽ ലഭ്യമാണ്. സന്ദർശകർ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് മാത്രം.