യുഎഇയിലെ പൊതുമാപ്പ് കാലാവധി തീരാൻ ഇനി 15 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അധികൃതർ. ഈ മാസം 31ന് കാലാവധി അവസാനിക്കുമെന്നും ജനുവരി മുതൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് താമസം നിയമവിധേയമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകാനുമായി സെപ്റ്റംബർ 1നാണ് പൊതുമാപ്പ് ആരംഭിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സുമായി (ജിഡിആർഎഫ്എ) ഏകോപിപ്പിച്ചാണ് പൊതുമാപ്പ് നടപ്പിലാക്കുന്നത്.
സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ട് മാസത്തെ കാലാവധിയോടെ രാജ്യത്ത് പൊതുമാപ്പിന് തുടക്കമായത്. പിന്നീട് ഒരു മാസത്തേയ്ക്ക് കൂടി കാലാവധി നീട്ടുകയായിരുന്നു. ഇതിനോടകം മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങുകയും താമസം നിയമവിധേയമാക്കുകയും ചെയ്തത്.
നിയമലംഘകർ ഡിസംബർ 31ന് മുൻപായി പൊതുമാപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.