ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 18, 19 (ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. 18നാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്.
രണ്ട് ദിവസത്തെ പൊതു അവധിക്ക് പിന്നാലെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ലഭിക്കുമ്പോൾ നിവാസികൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അതിനുശേഷം ഞായറാഴ്ച പ്രവൃത്തി ദിനം ആരംഭിക്കുകയും ചെയ്യും.
അതേസമയം, ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം ഉപേക്ഷിച്ചതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി ഇന്നലെ അറിയിച്ചിരുന്നു. പരേഡിനുള്ള ഒരുക്കങ്ങൾ കോണിഷിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു നടപടി. എന്നാൽ പരേഡ് ഉപേക്ഷിക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.