നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ് ദീപ്തി.
പ്രൊഡക്ഷൻ കൺട്രോളറായി സിനിമയിൽ തുടക്കം കുറിച്ച രാജേഷ് മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൻ്റെ അസിസ്റ്റന്റ് ഡയറക്ടറാകുകയും നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽ മുരളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു.
പാലക്കാട് സ്വദേശിനിയായ ദീപ്തി ഇന്ത്യൻ പോലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും ത്രിതീയ എന്ന ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. രാജേഷ് മാധവൻ അഭിനയിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ദീപ്തിയായിരുന്നു.