വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്‍റെ പങ്കാളിയും അപകടത്തിന്‍റെ ഏക സാക്ഷിയുമായ ലക്ഷ്‌മി. അപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്നും കാറിന് നേരെ ഒരു തരത്തിലുമുള്ള ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ് ലക്ഷ്‌മി പറഞ്ഞത്.
അപകട സമയത്ത് തനിക്ക് ബോധമുണ്ടായിരുന്നുവെന്നും ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചുവെന്നും പേടിച്ച് ഗിയര്‍ ബോക്‌സില്‍ കൈകൊണ്ട് അടിച്ചുവെന്നു അപ്പോഴേക്കും തന്റെ ബോധം പോയെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. അപകടം നടന്ന് ആറ് വര്‍ഷത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്ലാണ് ലക്ഷ്മി മനസ്തുറന്നത്.
“തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ മകൾക്കായി ഞങ്ങളുടെ ഒരു നേർച്ചയുണ്ടായിരുന്നു. അധികം വൈകാത്തതു കാരണമാണ് നേർച്ച കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്ന് തിരിച്ചുപോന്നത്. ഏറെ വൈകിയിരുന്നെങ്കിൽ തൃശ്ശൂർതന്നെ തങ്ങുമായിരുന്നു. ബാലുവിന് തിരുവന്തപുരത്ത് എത്തി കുറച്ചു ജോലികൾ ചെയ്‌ത് തീർക്കാനുണ്ടായിരുന്നു. യാത്രയ്ക്കിടെ തലവേദനയും ഛർദ്ദിയുമെല്ലാം വരുന്നതിനാൽ ഞാൻ മകളെ മടിയിലിരുത്തി മുന്നിലെ സീറ്റിൽ കണ്ണടച്ച് ഇരിക്കുകയായിരുന്നു.
ഇടയ്ക്ക് അവർ വണ്ടി നിർത്തി കടയിൽ നിന്ന് ഡ്രിങ്ക്സെല്ലാം വാങ്ങി കഴിച്ചു. എന്നോട് വേണമോ എന്ന് ബാലു ചോദിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞു. അധികം വൈകാതെ വീട്ടിലെത്തുമെന്നും ബാലു പറഞ്ഞു. ഞാനൊന്ന് കിടക്കെട്ട എന്ന് ബാലു പറയുന്നുണ്ടായിരുന്നു. പിന്നേയും കുറച്ച് ദൂരം മുന്നോട്ടു പോയ ശേഷമാണ് അപകടമുണ്ടായത്. പെട്ടെന്ന് ഓഫ് റോഡിലൂടെ വണ്ടി പോകുന്നതുപോലെ അസാധാരണമായ ഫീൽ തോന്നി. വണ്ടിക്ക് നിയന്ത്രണം നഷ്ടമായി എന്ന് മനസിലായി.
ഞാൻ കണ്ണ് തുറക്കുമ്പോൾ ആകെ പകച്ചിരിക്കുന്ന അർജുൻ്റെ മുഖമാണ് കാണുന്നത്. ഞാൻ നിലവിളിക്കാൻ ശ്രമിച്ചു. ഗിയർ ബോക്‌സിൽ കൈ കൊണ്ട് നന്നായി അടിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയി. എത്രയോ ദിവസം കഴിഞ്ഞ് ആശുപത്രി മുറിയിലാണ് ഞാൻ കണ്ണുതുറന്നത്. തന്റെ തലച്ചോറിനാണ് കാര്യമായ പരിക്കേറ്റതെന്നും ശരീരം മുഴുവൻ മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു. കാലിന് ഇപ്പോഴും പ്രശ്‌നമുള്ളതിനാൽ ചികിത്സ തുടരുന്നുണ്ട്.
ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ പറ്റിയില്ല. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോൾ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റർ പറഞ്ഞത്. അതോടെ ഞാൻ ആശ്വസിച്ചു. ബാലുവില്ലെന്ന യാഥാർത്ഥ്യം ഞാൻ വിശ്വസിച്ചതേയില്ല. കൗൺസിലിങ്ങിനു എത്തിയ സൈക്കോളജിസ്റ്റ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞു. ബാലു ഇല്ല എന്ന യാഥാർത്ഥ്യം ഞാൻ അംഗീകരിച്ചില്ല. അവരോട് പുറത്തുപോകാൻ ഞാൻ ആവശ്യപ്പെട്ടു.
ഉറങ്ങുമ്പോഴെല്ലാം ഞാൻ ബാലുവിനേയും മകളേയും സ്വപ്‌നം കണ്ടു. അതാണ് യാഥാർഥ്യം എന്ന് കരുതി. എഴുന്നേൽക്കുന്നത് ഭീകരമായ വേദനയിലേക്കായിരുന്നു. ഇതോടെ ഏതാണ് യാഥാർഥ്യം എന്ന് എനിക്ക് മനസിലാകാതെ വന്നു. കുറച്ചു കാലം എൻ്റെ ജീവതം അങ്ങനെയായിരുന്നു. പിന്നീടാണ് ബാലുവും മകളും ഇല്ലെന്ന കാര്യം ഞാൻ അംഗീകരിച്ചത്. അപ്പോഴേക്കും കേസിൻ്റെ നടുവിലായി.
ഇനിയൊരിക്കലും വയലിൻ വായിക്കാത്ത അവസ്ഥയിലാണ് ബാലുവെന്നാണ് ആദ്യം ഞാൻ അറിഞ്ഞത്. അങ്ങനെയൊരു അവസ്ഥയെ ഭയപ്പെട്ടിരുന്ന ബാലു അങ്ങനെ ജീവിക്കേണ്ടി വരാത്തതിൽ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കിലെന്നേ എൻ്റെ സ്വാർഥത ആഗ്രഹിച്ചിട്ടുള്ളൂ.
കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബന്ധമുള്ളയാളാണ് അർജുനെന്നും ബാലുവിൻ്റെ സ്ഥിരം ഡ്രൈവറല്ലെന്നും ലക്ഷ്മി പറയുന്നു. ഒരു കേസിൽപ്പെട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബാലു അർജുനെ പരിചയപ്പെടുന്നത്. അന്ന് പൂന്തോട്ടം വീട്ടിൽവെച്ച് കണ്ടപ്പോൾ അർജുന്റെ തന്റെ ഭാഗത്ത് ന്യായമുള്ളതുപോലെ ബാലുവിനോട് സംസാരിച്ചു. ബാലു അതെല്ലാം വിശ്വസിക്കുകയും ചെയ്‌തു. സഹായിക്കാമെന്ന് കരുതി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. എന്തെങ്കിലും അത്യാവശ്യ സമയങ്ങളിൽ വിളിക്കുമ്പോൾ മാത്രമാണ് അർജുൻ വണ്ടിയോടിക്കാൻ വന്നിരുന്നത്. അന്ന് തൃശ്ശൂർ പോയപ്പോഴും അർജുനെ വിളിക്കുകയായിരുന്നു.
ഞാനൊരു സാധാരണക്കാരിയാണ്. ഒരാൾക്കും ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ഒന്നും പറയിക്കാനാകില്ല. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ കേസ് കൊടുക്കുമായിരുന്നു. എനിക്ക് ഇനിയൊന്നും നഷ്ട്‌ടപ്പെടാനില്ല. ഭർത്താവിന്റേയും കുഞ്ഞിൻ്റേയും മുഖം മാത്രം ആലോചിച്ചാൽ മതി കേസ് കൊടുക്കാൻ. എന്നാൽ ഇതൊരു സാധാരണ അപകടം മാത്രമായതുകൊണ്ടാണ് ഞാൻ കേസുമായി മുന്നോട്ടുപോകാതിരുന്നത്” എന്നാണ് ലക്ഷ്‌മി തുറന്നുപറഞ്ഞത്.