യുഎഇയിൽ തടവുകാരെ നിരീക്ഷിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വരുന്നു. 2025 ഏപ്രിൽ മുതലായിരിക്കും എഐ സാങ്കേതിക വിദ്യ ജയിലിൽ ഉപയോഗിച്ചുതുടങ്ങുക. ഇതോടെ തടവുകാരുടെ ആരോഗ്യവും മനോനിലയും സമയബന്ധിതമായി പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുന്നത് എഐ ആയിരിക്കും.
തടവുകാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എഐ എത്തുന്നതോടെ 24 മണിക്കൂറും ഇനി തടവുകാർ നിരീക്ഷണത്തിലാകും. ഇതോടൊപ്പം ഗർഭിണികൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യവും ജയിലിൽ ഒരുക്കും. ഇതോടെ ഭിന്നശേഷിക്കാരുടെ ശാരീരിക, മാനസിക, സാംസ്‌കാരിക പുനരധിവാസം സുഗമമാകും.
തടവുകാലത്ത് നല്ല നടപ്പിന് വിധേയരായവരെ വിവിധ ഘട്ടങ്ങളിൽ മോചിപ്പിക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിച്ചവർ 20 വർഷം തടവ് പൂർത്തിയാക്കിയാൽ ആഭ്യന്തര മന്ത്രിയുടെ ഉത്തരവനുസരിച്ച് മോചിതരാകുകയും ചെയ്യും. എന്നാൽ പിഴ, നഷ്ടപരിഹാരം എന്നിവയിലുള്ള തീർപ്പനുസരിച്ചായിരിക്കും ജയിൽമോചനം എന്നുമാത്രം.