യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്. അതോടൊപ്പം ദൂരക്കാഴ്‌ച കുറഞ്ഞാൽ റോഡിൽ നിന്ന് നിശ്ചിത അകലത്തിലേക്ക് വാഹനം മാറ്റിനിർത്തി ഹസാഡ് ലൈറ്റ് തെളിക്കണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും മുന്നറിയിപ്പുണ്ട്.
ഇത്തരം സമയങ്ങളിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കുമെന്നും സിഗ്നൽ ബോർഡുകൾ നിരീക്ഷിച്ച് വാഹനമോടിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.