യുഎഇയിലെ പണം അടച്ചുളള പാര്‍ക്കിംഗ് മേഖലകളില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ ഫൈന്‍ അടയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. വാഹനത്തിനുളളില്‍ ആളുകള്‍ ഇരിക്കുന്നതും ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ആക്കി നിര്‍ത്തുന്നതും പാര്‍ക്കിംഗ് ഫീസ് ഇളവിന് കാരണമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫോണ്‍ ചെയ്യാനുളള സമയമെന്ന പേരിലും പാര്‍ക്കിംഗ് മേഖലകളില്‍ പണം അടയ്ക്കാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ആരെയെങ്കിലും കാത്തിരിക്കുന്നതിന്റെ ഭാഗമായി പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍ ഉപയോഗിച്ചാലും പണം അടയ്്‌ക്കേണ്ടിവരും. ഷാര്‍ജ മുനിസിപ്പാലിറ്റിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
ഷാര്‍ജ എമിറേറ്റിലെ പാര്‍ക്കിംഗ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് പണം അടച്ചില്ലെങ്കില്‍ 150 ദിര്‍ഹമാണ് പിഴ ഈടാക്കുക. പണം അടച്ച ശേഷം അധിക സമയം പാര്‍ക്ക് ചെയ്താല്‍ 100 ദിര്‍ഹം പിഴയും ഈടാക്കും. ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച മേഖലയിലൊ അനുവദനീയമല്ലാത്ത ഇടങ്ങളിലൊ വാഹനങ്ങള്‍ പാര്‍ക്കുചെയ്താല്‍ ഗുരുതര നിമയലംഘനമായി കണക്കാക്കുകയും 1000 ദിര്‍ഹം പിഴ ഈടാക്കുകയും ചെയ്യും.
ദുബായ് എമിറേറ്റിലെ പൊതുഇടങ്ങളില്‍ തുടര്‍മാനമായി നാല് മണിക്കൂറിലധികം പാര്‍ക്ക് ചെയ്യാനും അനുമതിയില്ല. പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിരീക്ഷണ വിധേയമാണെന്നും പരിശോധനയ്ക്കായി ടീം അംഗങ്ങളെ നിശ്ചയിച്ചിട്ടുണ്ടെന്നും അതോറിറ്റികള്‍ വ്യക്തമാക്കി.