നാഗചൈതന്യ – ശോഭിത ധുലിപാല വിവാഹത്തിന് പിന്നാലെ ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നാഗാർജുന. ഇനി സന്തോഷത്തിന്റെ നാളുകളാണെന്നും ഇരുവരുമൊന്നിച്ച് ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് കാണുന്നത് വൈകാരികവും സവിശേഷവുമായ നിമിഷമാണെന്നുമാണ് നാഗാർജുന പറഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളോടൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവെച്ചിരുന്നു.
‘ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് മനോഹരമായ ഒരു അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. പ്രിയപ്പെട്ട ചായിക്ക് അഭിനന്ദനങ്ങൾ, ഒപ്പം പ്രിയ ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നു.എ.എൻ.ആറിൻ്റെ അനുഗ്രഹത്തോടെ നടന്ന ആഘോഷത്തിന് കൂടുതൽ ആഴത്തിലുള്ള അർത്ഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിൻ്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. നിങ്ങൾക്ക് ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു’ എന്നാണ് നാഗാർജുന എക്‌സിൽ കുറിച്ചത്.
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം നടന്നത്. സ്വർണനിറത്തിലുള്ള പട്ടുസാരിയിൽ രാജകീയ പ്രൗഡിയോടെയാണ് ശോഭിത വധുവായി അണിഞ്ഞൊരുങ്ങിയത്. പരമ്പരാഗത തെലുഗു വരൻ്റെ വേഷത്തിലായുരുന്നു നാഗചൈതന്യ.