നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കുമൊപ്പം സുസ്ഥിരത, ഐക്യം, സഹകരണം എന്നിവയാണ് രാജ്യത്തിൻ്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ വർഷവും നവംബർ 30-ന് ആചരിക്കുന്ന അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് പ്രസിഡൻ്റിൻ്റെ പ്രസ്താവന.
യുഎഇക്ക് വേണ്ടി ജീവൻ നൽകിയ ധീരരായ വ്യക്തികളെ ആദരിക്കുന്ന അവസരത്തിൻ്റെ പ്രാധാന്യം പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ ചൂണ്ടിക്കാട്ടി. ധീരന്മാരുടെ കുടുംബങ്ങളോടും അദ്ദേഹം അഗാധമായ നന്ദി രേഖപ്പെടുത്തി. അവരുടെ പരമമായ ത്യാഗം രാജ്യസ്‌നേഹത്തിൻ്റെയും രാഷ്ട്രത്തോടുള്ള വിശ്വസ്തതയുടെയും ശാശ്വത പ്രതീകമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിൻ്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവജനങ്ങൾ പുരോഗതിക്കും നൂതനത്വത്തിനും വേണ്ടിയുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയാണെന്നും യുഎഇ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. യു.എ.ഇയുടെ അഭിമാനം ഉയരുന്നതിനൊപ്പം ലോകത്തിനും സമാധാനവും സ്ഥിരതയും നിലനിൽക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.