യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ കുറവുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അതിനാൽ വാഹന – കാൽനട യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഞായറാഴ്ച രാവിലെ 7 വരെ അറേബ്യൻ ഗൾഫിൽ സമുദ്രനിരപ്പ് 10 അടി ഉയരത്തിൽ എത്താൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 13 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമാണ് വിലയിരുത്തൽ.