സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും ഏതാനും ദിവസങ്ങൾ കൂടി സല്‍മാന്‍ രാജാവ് നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി സൗദി വാര്‍ത്ത ഏജന്‍സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
അതേസമയം യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവര്‍ സല്‍മാന്‍ രാജാവിന് ആശംസകൾ നേര്‍ന്നു. സൽമാൻ രാജാവിന്‍റെ നേതൃത്വത്തിൽ സൗദി അറേബ്യക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും ഐശ്വര്യവും സുരക്ഷിതത്വവും സമാധാനവും ഉണ്ടാകട്ടെയെന്നാണ് ആശംസാ സന്ദേശം. സൽമാൻ രാജാവിന് നല്ല ആരോഗ്യവും ദീർഘായുസ്സും നൽകണമെന്നുളള പ്രാർത്ഥനയും ആശംസയുമായി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും രംഗത്തെത്തി.
എത്രയും വേഗം പൂര്‍ണ ആരോഗ്യത്തോടെ സല്‍മാന്‍ രാജാവ് ആശുപത്രി വിടട്ടെയെന്ന് ഖത്തര്‍, ബഹ്റൈന്‍, ജോര്‍ദാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും സന്ദേശം അയച്ചു. സൗദിയില്‍ ജനപ്രിയ പരിഷ്കാരങ്ങൾ നടത്തുന്ന ഭരണാധികാരിയായാണ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന് രാജാവിനെ ലോകരാഷ്ട്രങ്ങൾ വീക്ഷിക്കുന്നത്.