തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ ഇന്ദു റെബേക്ക വർഗീസിന്റെ ഫോൺ നമ്പറായാണ് തന്റെ നമ്പർ സിനിമയിൽ കാണിക്കുന്നതെന്നും സായ് പല്ലവിയാണെന്ന് കരുതി തന്റെ നമ്പറിലേയ്ക്ക് തുടർച്ചയായി വിളികൾ എത്തുന്നതിനാൽ തനിക്ക് ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നാണ് വിദ്യാർത്ഥി വ്യക്തമാക്കുന്നത്.
എൻജിനീയറിങ് വിദ്യാർത്ഥിയായ വാഗീശനാണ് പരാതിയുമായി രംഗത്തെത്തിയത്. ദീപാവലി റിലീസായാണ് ശിവകാർത്തികേയനും സായി പല്ലവിയും അഭിനയിച്ച അമരൻ തിയേറ്ററുകളിൽ എത്തിയത്. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് വാഗീശന് കോളുകൾ വരുന്നത്. ആദ്യം കോൾ എടുത്ത് ഇത് സായി പല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ നിർത്താതെയുള്ള കോളുകൾ കാരണം ഫോൺ സൈലൻ്റ് മോഡിൽ ആക്കി.
എന്നാൽ വാട്സ്ആപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചതെന്ന് വാഗീശന് മനസിലായത്. ഇതോടെ തനിക്ക് സമാധാനം നഷ്‌ടമായെന്നും ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടാകുകയാണെന്നുമാണ് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
തനിക്ക് 1.1 കോടി നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് വാഗീശൻ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് ആയച്ചത്. ആധാറും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്‌തമാക്കി.