നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും നിർമ്മാതാവുമായ സുരേഷ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരും തമ്മിൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്നും സുരേഷ് കുമാർ പറഞ്ഞു.
“കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിൻ്റെ ഡേറ്റ് തീരുമാനിക്കുന്നതേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക” എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
ഇന്നലെ മുതൽ കീർത്തിയുടെ പ്രണയവും വിവാഹവും സംബന്ധിച്ചുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം വന്നിരുന്നുമില്ല. താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല.