പ്രചരണം പൊടിപൊടിച്ചിട്ടും പാലക്കാട് തിരഞ്ഞെടുപ്പ് മന്ദഗതിയിലാണ്. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല എന്നതാണ് വാസ്തവം. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണി വരെയുള്ള കണക്കിൽ 2021-ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല.
2021-നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ല. അതേസമയം, പാലക്കാട് നഗരസഭ പരിധിയിൽപ്പെടുന്ന ബൂത്ത് നമ്പർ 22-ൽ വി.വി പാറ്റ് തകരാർ കാരണം പോളിങ് മുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല.
രാവിലെ ഏഴിന് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. മണ്ഡലത്തിലെ 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ എന്നീ പഞ്ചായത്തുകൾ ആണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.